ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്‍റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്.
കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം (ഒമ്പതാം ദിവസം) നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു.
ഒന്നാം ദിവസം പച്ചപ്പന്തല്‍ കെട്ടി നിശ്ചിതമുഹൂര്‍ത്തത്തില്‍ കണ്ണകി ചരിതം പ്രകീര്‍ത്തിച്ചുകൊണ്ട് പാട്ടുപാടി ദേവിയെ കുടിയിരുത്തുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന് ഈ പത്തു ദിവസവും കുടിയിരുത്തുന്നതായിട്ടാണ് സങ്കല്പം.
പാട്ടു തുടങ്ങിയാല്‍ പൊങ്കാല വരെ എല്ലാ ദിവസങ്ങളിലും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നു.
മിക്കവാറും എല്ലാ ദിവസവും പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതിന് മുന്‍പ് വിവിധ വര്‍ണക്കടലാസുകളാലും ആലക്തിക ദീപങ്ങളാലും അലംകൃതങ്ങളായ ദേവീ വിഗ്രഹം വഹിച്ചു കൊണ്ടുള്ള നേര്‍ച്ച വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിനു ചുറ്റും നൃത്തം വയ്ക്കാറുണ്ട്.
ഉത്സവത്തിന്‍റെ ഒമ്പതാം ദിവസമാണ് വിശ്വപ്രസിദ്ധമായ പൊങ്കാല നടക്കുന്നത്.
കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ ആറ്റുകാലില്‍ പൊങ്കാലമഹോത്സവത്തിന് തുടക്കം കുറിക്കും. ഭക്തരര്‍പ്പിക്കുന്ന ഏറ്റവും വലിയ നൈവേദ്യമാണ് പൊങ്കാല.
പൂരം നാളിലാണു പൊങ്കാല. ഉത്സവത്തിന്‍റെ തുടക്കമായി ഭഗവതിയുടെ കൈയില്‍ ആദ്യം കാപ്പുകെട്ടും. തുടര്‍ന്ന് മേല്‍ശാന്തിയുടെ കൈയിലും. കാപ്പുകെട്ടി കുടിയിരുത്തി കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഒന്പതു ദിവസങ്ങളില്‍ കണ്ണകീ ചരിതം തോറ്റംപാട്ട്. കണ്ണകിയുടെ കണവനായ പാലകനെ തോറ്റുന്നത് ഒമ്പതാം ദിവസമാണ്. ഇതു കഴിഞ്ഞാണ് പൊങ്കാല.
പൂരം നാളിലെ ശുഭമുഹൂര്‍ത്തത്തില്‍ മേല്‍ശാന്തി ശ്രീകോവിലില്‍ നിന്നു തെളിക്കുന്ന ദീപം തിടപ്പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ നിവേദ്യ അടുപ്പു കത്തിക്കുന്നു. പിന്നീട് കീഴ്ശാന്തി ദീപം പുറത്തേക്കാനയിച്ച പാട്ടുപുരയുടെ മുന്നിലെ പണ്ടാര അടുപ്പു കത്തിക്കുന്നു.
കതിനകളും ചെണ്ടമേളവും കുരവയും ആകാശത്തിലുയരുമ്പോള്‍ നിരന്നിരിക്കുന്ന പതിനായിരക്കണക്കിന് അടുപ്പുകളില്‍ തീനാളങ്ങളുയരും. ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീപൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്.
പൊങ്കാലപ്പായസം കൂടാതെ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി, പാലും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം എന്നിവയെല്ലാം പൊങ്കാല അടുപ്പില്‍ വേവും. വൈകുന്നേരം മേല്‍ശാന്തി പണ്ടാര അടുപ്പിലെ നിവേദ്യം തീര്‍ത്ഥം തളിച്ച് നിവേദിക്കുന്നു.
ഈ സമയം അനേകം പൂജാരിമാര്‍ തീര്‍ത്ഥജലവുമായി നാനാഭാഗങ്ങളിലേക്കു നീങ്ങീ പൊങ്കാല എവിടെയുണ്ടോ അവിടെയൊക്കെ എത്തി തീര്‍ത്ഥം തളിച്ചു നേദിക്കാം. പൊങ്കാല അസ്ഥിരമായ ശരീരത്തിന്‍റെ പ്രതീകമാണ്. സ്വന്തം ശരീരം ദേവിക്കു സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം
ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം.
പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്.
പൊങ്കാല മഹോത്സവത്തില്‍ ഭക്തരായ സ്ത്രീജനങ്ങള്‍ ജാതിമതഭേദമന്യേ തുറന്ന സ്ഥലത്തു വച്ച് ശുദ്ധവൃത്തിയായി പൊങ്കാല നെവേദ്യം സ്വയം പാകം ചെയ്ത് ആറ്റുകാലമ്മയ്ക്ക് സമര്‍പ്പിച്ച് സായൂജ്യമടയുന്നു.
കുളി കഴിഞ്ഞ് ശുദ്ധിയോടെ ഈറന്‍ വസ്ത്രം ധരിച്ച് സൂര്യതാപം സഹിച്ചുകൊണ്ട് സൂര്യന് അഭിമുഖമായി സ്ത്രീജനങ്ങള്‍ നില്‍ക്കുമ്പോള്‍ തന്നെ ശരീരത്തിലുള്ള വിഷാംശങ്ങള്‍ മാറികിട്ടും എന്നാണ് ആയൂര്‍വേദാചാര്യന്‍മാരുടെ അഭിമതം.
അനേകലക്ഷം സ്ത്രീജനങ്ങള്‍ പങ്കെടുക്കുന്ന പൊങ്കാല നെവേദ്യ സമര്‍പ്പണം ഒരുപൂര്‍വ്വ ദൃശ്യമാണ്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷക്കണക്കിന് സ്ത്രീജനങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ പൊങ്കാല സമര്‍പ്പിക്കുന്നു.
പൊങ്കാല നെവേദ്യം സമര്‍പ്പിക്കുന്നതിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി പല അഭിപ്രായങ്ങളും ഐതീഹ്യങ്ങളും നിലവിലുണ്ട്. മഹിഷാസുര വധത്തിനു ശേഷം ഭക്തജനങ്ങളുടെ മുന്‍പില്‍ പ്രത്യപ്പെടുന്ന ദേവിയെ സ്ത്രീജനങ്ങള്‍ പൊങ്കാല നെവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് ഒരു സങ്കല്പമുണ്ട്.
തന്‍റെ നേത്രാഗ്നിയില്‍ മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെ സാന്ത്വനപ്പെടുത്തുന്നതിന് സ്ത്രീകള്‍ നെവേദ്യം അര്‍പ്പിക്കുന്നുവെന്ന ഐതീഹ്യവും പ്രസിദ്ധമാണ്.
പാര്‍വതിയായി അവതരിച്ച ദാക്ഷായണി തന്‍റെ ഭര്‍ത്താവായ പിനാകിയെ ലഭിക്കുവാന്‍ ചെയ്ത തപസ്സിനോട് സ്ത്രീകളുടെ പൊങ്കാലയിടല്‍ കര്‍മ്മത്തെ താരതമ്യപ്പെടുത്താവുന്നതാണ്. സൂര്യനഭിമുഖമായി സൂര്യതാപം ഏറ്റുകൊണ്ട് വായുമാത്രം ഭക്ഷണമായി കഴിച്ച് ഒറ്റക്കാലില്‍ തപസ്സനുഷ്ടിച്ച പാര്‍വ്വതിദേവി തന്‍റെ അഭീഷ്ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയില്‍ തുടര്‍ന്നുവെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത്.
അതുപോലെ സര്‍വ്വാഭിഷ്ടദായിനിയായ ആറ്റുകാലമ്മയുടെ തിരുമുമ്പില്‍ വ്രതശുദ്ധിയോടെ തപസ്സനുഷ്ടിച്ച് അഭീഷ്ട സിദ്ധി കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാല ഇടുന്നത് എന്ന പ്രതീകാത്മകമായ ഭാവം ഇതിനുണ്ട്.
No comments:
Post a Comment