പാവപ്പെട്ട കര്‍ഷകരുടെയിടയില്‍ അവരെ കുടിയിറക്കുമെന്ന കള്ളക്കഥ പ്രചരിപ്പിച്ചു സ്വന്തം കാര്യം കാണാനിറങ്ങിയ റിയല്‍ എസ്‌റ്റേറ്റുകാരും പാറമട ഉടമകളും (ഇതെല്ലാം രാഷ്‌ട്രീയക്കാരുടെ ബിനാമികളാണത്രേ) പള്ളി വികാരികളും രാഷ്‌ട്രീയകക്ഷികളും കേരളത്തിന്റെ ഒരു അടിസ്‌ഥാന വിഷയമായതും നമ്മുടെയൊക്കെ നിലനില്‍പ്പിനെത്തന്നെ സ്‌ഥായിയായി ബാധിക്കുന്നതുമായ പശ്‌ചിമഘട്ട സംരക്ഷണത്തെ 'കുളമാക്കിയ' കഥ ചരിത്രത്തില്‍ സ്‌ഥാനംപിടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇംഗ്ലീഷില്‍ ഇതു 'ട്രാജഡി ഓഫ് കോമണ്‍സ്' എന്നു പറയാവുന്ന ഒരു കേസ്‌കെട്ടാണ്.
സ്വന്തം കാര്യലാഭത്തിനുവേണ്ടി പൊതുനന്മയെ അവഗണിക്കുകയെന്നു ലളിതവല്‍ക്കരിച്ച ഒരു ഭാഷ്യം ഇതിനു നല്‍കാവുന്നതാണ്. പുര കത്തുമ്പോള്‍ വാഴവെട്ടാന്‍ പോയവനെവിടെയെന്നു കൊച്ചുമക്കള്‍ ചോദിക്കുമ്പോള്‍ കാണിച്ചുകൊടുക്കാന്‍ നമുക്ക് ആളുകളായല്ലോ. ഒരു സിനിമയില്‍ ശങ്കരാടിയുടെ കഥാപാത്രം പറഞ്ഞതുപോലെ 'കൊടുകയ്'. ടിവിയിലെ പിള്ളേര്‍ പറയുന്നതുപോലെ 'ഭയങ്കര' പെര്‍ഫൊമന്‍സ്! ഈ ഭൂമിമലയാളത്തിലെ എല്ലാപേരെയും വിരട്ടുകയും ഉറക്കംകെടുത്തുകയും മുല്ലപ്പെരിയാര്‍ സംരക്ഷണമെന്നപേരില്‍ കേരളത്തിനു അനുകൂലമാകേണ്ടിയിരുന്ന ഒരു വിഷയത്തെ മറ്റൊരു കുളമാക്കിയ കഥയിലെ കഥാപാത്രങ്ങളില്‍ ചിലരൊക്കെ മുകളില്‍ സൂചിപ്പിച്ചവര്‍തന്നെയാണെന്നു കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ക്രിസ്‌തുദേവനേയും വിഖ്യാതമായ ചമ്മട്ടിയേയുമാണ്.
എന്തായാലും പശ്‌ചിമഘട്ടത്തെ ഇപ്പോഴത്തെ ചൂടൊക്കെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആറിത്തണുക്കും. പശ്‌ചിമഘട്ട സംരക്ഷണ നിയമത്തില്‍ എത്ര വെള്ളമൊഴിച്ചാലും ഖനനത്തിനും പാറപൊട്ടിക്കലിനും മലിനീകരണ സ്രോതസുകളായ വ്യവസായങ്ങള്‍ക്കും വന്‍ കെട്ടിടങ്ങള്‍ക്കും നിയന്ത്രണം വരുകതന്നെ ചെയ്യും. അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് ഇതിന്റെയൊക്കെ പ്രാധാന്യങ്ങള്‍ മനസിലാവുകയും ചെയ്യും. അവര്‍ക്ക് കൃഷിയിറക്കുകയും വിളവെടുക്കുകയും ആത്മഹത്യചെയ്യാതിരിക്കുകയും ചെയ്യണമെങ്കില്‍ പ്രകൃതിയുടെ സന്തുലിതാവസ്‌ഥയുംകൂടി തകരാതെ നോക്കേണ്ടതാണെന്നു കര്‍ഷകര്‍ക്കല്ലാതെ ആര്‍ക്കാണു മനസിലാകുക. കൈകൊട്ടി റോഡിലിരുന്നു മുദ്രാവാക്യം വിളിക്കുന്നവര്‍ക്കും വനംവകുപ്പ് ഓഫീസുകളില്‍ കയറി ഫയലുകള്‍ക്ക് തീയിടുന്നവര്‍ക്കും പണിയില്ലാതെയാകും. മുല്ലപ്പെരിയാര്‍ സംരക്ഷണക്കാരെയും അതിനുവേണ്ടി ഡല്‍ഹിയില്‍ സത്യഗ്രഹമിരുന്നവരെയൊന്നും മഷിയിട്ടുനോക്കിയാല്‍ പോലും ഇപ്പോള്‍ കാണാനില്ലല്ലോ.
ഗാഡ്‌കിലും കെ.എസ്. വിജയനുമുള്‍പ്പെടെയുള്ളവര്‍ വിദേശ ചാരന്മാരും വിദേശ പണം കൈപ്പറ്റുന്ന 'ഇവന്മാരു'മാണെന്നു ആരോപണം ഉന്നയിച്ചപ്പോള്‍ പറയുന്നത് തെളിവ് കെ.എം. റോയ് എഴുതിയ ലേഖനത്തില്‍ ഉണ്ടെന്നായിരുന്നു. അതില്‍ക്കൂടുതല്‍ എന്തു തെളിവ് വേണം. പശ്‌ചിമഘട്ട സംരക്ഷണത്തിനെതിരേ നില്‍ക്കുന്നവരുടെ കോര്‍പ്പറേറ്റ് - രാഷ്‌ട്രീയബന്ധങ്ങളല്ലേ വാസ്‌തവത്തില്‍ അന്വേഷിക്കേണ്ടത്? ആര്‍ക്കാണ് അവിടെയൊക്കെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കെട്ടിപ്പൊക്കേണ്ടത്? ആര്‍ക്കാണ് അവിടെ വിമാനത്താവളങ്ങള്‍ നിര്‍മിക്കേണ്ടത്? ആര്‍ക്കാണ് അവിടെ ഖനനം നടത്തേണ്ടത്?
ഉത്തരാഖണ്ഡില്‍ നദികള്‍ക്ക് കുറുകെ കെട്ടിയ ഡാമുകളുടെ ചിത്രണം അടുത്തിടെ കാണാന്‍ ഇടയായി. ഒന്നും രണ്ടുമല്ല. ആകെ മൊത്തം ചെറുതും വലുതുമായ മുന്നൂറ്റിയമ്പത് ഡാമുകളാണ് അവിടെയുള്ളത്. അതും വികസനമാണ്. ആ തരത്തിലുള്ള വികസനമാണോ നാം വിഭാവനം ചെയ്യുന്നത്. അവിടുത്തെ തദ്ദേശിയര്‍ വെള്ളത്തിനുവേണ്ടി മൈലുകള്‍ താണ്ടി അവശരാകുന്ന കാഴ്‌ചയും നാം കാണുന്നുണ്ട്. അങ്ങനെയുള്ള ഒരു വികസന കാഴ്‌ചപ്പാട് പരിസ്‌ഥിതി ലോലതയുള്ള പശ്‌ചിമഘട്ടം പോലുള്ള പ്രദേശങ്ങളില്‍ ഇനി സാധ്യമാകുകയില്ല എന്നാണു വസ്‌തുത എന്നായിരിക്കെ നാം കരഞ്ഞിട്ടും അലറിവിളിച്ചിട്ടും കാര്യമില്ല. ജനസംഖ്യ കുറച്ചു കൊണ്ടുവന്നും പ്രകൃതിവിഭവങ്ങള്‍ ഉത്തരവാദിത്വത്തോടെ മാത്രം ഉപയോഗിച്ചും മാത്രമേ ഈ പ്രതിസന്ധിഘട്ടം തരണംചെയ്യാനാവുകയുള്ളു. 2500 കോടി രൂപ ചെലവുവരുന്നതും ഏതാണ്ട് അറുപത് നില ഉയരവുമുള്ള പ്രതിമനിര്‍മാണമെന്ന ഭീകരതയെ പ്രോത്സാഹിപ്പിച്ച് കൊടി ഉയര്‍ത്തുമ്പോള്‍ നികത്തപ്പെടുന്ന ആവാസമേഖലകളെക്കുറിച്ചും സ്വന്തം ഭൂമിയില്‍ നിന്നു കുടിയിറക്കപ്പെടുന്ന കര്‍ഷകരെയും ആദിവാസികളേയും കുറിച്ചും ഓര്‍ക്കണം.
എന്തൊക്കെയായിരിക്കണം നമ്മുടെ മുന്‍ഗണനകള്‍? കാലാകാലങ്ങളില്‍ നടന്ന ഭരണങ്ങളുടെ തകര്‍ച്ചയല്ലേ വാസ്‌തവത്തില്‍ ഇപ്പോള്‍ നടത്തുന്ന ജനസമ്പര്‍ക്ക'മേള'കളില്‍ തിക്കിത്തിരക്കി വരുന്ന ആര്‍ത്തരും ആലംബഹീനരുമായ ആളുകളുടെ പ്രവാഹം കാണിക്കുന്നത്. കേരളത്തിലെ വികസനപ്രക്രിയയെക്കുറിച്ചുള്ള പരിപ്രേഷ്യം എന്തായിരിക്കണം? ആറന്മുളയില്‍ ബോയിംഗ് 747 പോലുള്ള വിമാനങ്ങള്‍ ഇറങ്ങാന്‍ശേഷിയുള്ള താവളങ്ങള്‍ ആണോ നമ്മുടെ മുന്‍ഗണനാ പട്ടികയില്‍ ആദ്യം വരേണ്ടത്?
അവിടുത്തെ ടെര്‍മിനല്‍ കെട്ടിടത്തിനു ഏതാണ്ട് ആയിരത്തോളം യാത്രക്കാരെ കൈകാര്യംചെയ്യാന്‍ ശേഷിയുള്ളതായിരിക്കുമത്രേ. അവിടെ ഒരു 'പ്രത്യേക സാമ്പത്തികമേഖല' ഉണ്ടാക്കാനും സ്‌പെഷാലിറ്റി ആശുപത്രി കച്ചവടകേന്ദ്രമായ ഷോപ്പിംഗ് മാളും പഞ്ചനക്ഷത്ര ഹോട്ടലും ഒരു രാജ്യാന്തര വിദ്യാലയവും പണിയാനും വിമാനത്താവള കമ്പനിക്ക് പദ്ധതിയുണ്ടെന്നു കേള്‍ക്കുന്നു. നമ്മുടെ മനസിലേക്ക് ആദ്യം വരുന്ന ചോദ്യം ആ പ്രദേശത്തിനു ഈ 'വികസന'ങ്ങളൊക്കെ താങ്ങാനുള്ള വാഹകശേഷിയുണ്ടോ എന്നാണ്. അതിനൊരു ഉറപ്പിച്ച ഉത്തരമുണ്ട്, 'ഇല്ല' എന്നാണത്.
ആറന്മുളയും ശബരിമലയുമൊക്കെ ചേര്‍ത്തുകൊണ്ടുള്ള 'പില്‍ഗ്രിമേജ്' ടൂറിസത്തില്‍ നിന്നു ലഭിക്കാവുന്ന ധനലാഭത്തേയാണ് കമ്പനി കാണുന്നതെന്നു വ്യക്‌തമാണ്. പശ്‌ചിമഘട്ടത്തിലെ കര്‍ഷകരെക്കുറിച്ച് വിങ്ങിപ്പൊട്ടുന്നവര്‍ ആറന്മുളയിലെ കൃഷിഭൂമി നികത്തപ്പെടുന്നതില്‍ വ്യാകുലതയുള്ളതായി കാണപ്പെടുന്നില്ല.
പമ്പയുടെ കൈവഴിയായ കോഴിത്തോടു നികത്തിയാണ് റണ്‍വേ ഉണ്ടാകുന്നതെന്ന കാര്യത്തിലും വിഷമമുള്ളതായി കാണുന്നില്ല. 'തോട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കുമെന്നു' പാടിനടന്ന അടൂര്‍ഭാസി കഥാപാത്രങ്ങളാണ് നമുക്കു ചുറ്റും. മുക്കിനു മുക്കിനു തുറമുഖങ്ങള്‍, മുക്കിനു മുക്കിനു വിമാനത്താവളങ്ങള്‍ - അതാണോ വികസനം?
കേരളത്തെപോലുള്ള പ്രദേശത്തെ വികസനമാര്‍ഗങ്ങള്‍ എന്തെന്നും എങ്ങനെയായിരിക്കണമെന്നുള്ള കാഴ്‌ചപ്പാട് നമുക്കിനിയും ഉണ്ടായിട്ടില്ല എന്നാണു തോന്നുന്നത്. ഒരു ഗുജറാത്ത് മോഡല്‍ നമുക്കനുയോജ്യമല്ല എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. കേരളത്തിലെ പ്രത്യേകമായ ഭൗമപ്രത്യേകതകളും ജനസാന്ദ്രതയും അതനുവദിക്കുന്നില്ല. ലാറ്റിനമേരിക്കയിലെ കോസ്‌റ്ററിക്ക എന്ന കൊച്ചു രാജ്യം എങ്ങനെ അവരുടെ പ്രകൃതി സമ്പത്തിനെ സന്തുലിതാവസ്‌ഥയ്‌ക്കു കോട്ടമേല്‍പ്പിക്കാതെ ഉപയോഗിച്ചു സമ്പത്തുല്‍പ്പാദിപ്പിക്കുന്നതെന്നു മനസിലാക്കേണ്ടതാണെന്നു തോന്നുന്നു.
കര്‍ഷകരുടെ സഹായത്തോടുകൂടി തന്നെ സാമ്പത്തികമായ പ്രോത്സാഹനത്തോടുകൂടി ഇന്നവിടെ 20 ശതമാനമായിരുന്ന കാടിന്റെ വിസ്‌തൃതി 40 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 'ഇക്കോ സിസ്‌റ്റം സര്‍വീസ്' എന്ന പേരില്‍ ഒരു നികുതി അവര്‍ ജനങ്ങളില്‍ ചുമത്തുകയും അതില്‍നിന്നുള്ള ഒരു പങ്ക് കര്‍ഷകര്‍ കാട് സംരക്ഷിക്കുന്നതിന്റെയും വളര്‍ത്തുന്നതിന്റെയും പ്രോത്സാഹനമായി അവര്‍ക്ക് കൊടുക്കുകയും ചെയ്യുന്നു.
'ഇക്കോ ടൂറിസം' അവിടെ ഒരു വന്‍ വ്യവസായമായിരിക്കുന്നു. ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ നോക്കിയാല്‍ ഗള്‍ഫാണു നമ്മുടെ സ്വാഭാവികമായ പരിണാമത്തെയും സംസ്‌കാരത്തെയും പ്രതികൂലമായി ബാധിച്ചതും കേരളത്തെ ഒരൊറ്റ നഗരമാക്കി മാറ്റിയതും. നിലങ്ങളും കായലുകളും നികത്തപ്പെട്ടു റിസോര്‍ട്ടുകളായി രൂപാന്തരപ്പെട്ടതും അവിടെയൊക്കെ വിമാനത്താവളങ്ങള്‍ വരുന്നതും.
ഡോ. സി.പി. രാജേന്ദ്രന്‍
No comments:
Post a Comment